പരവൂര്‍: റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂവിനു പരിഹാരമായി അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ.
രാജ്യത്തെ ആദ്യത്തെ റെയില്‍വണ്‍ സെല്‍ഫ് ടിക്കറ്റിംഗ് സോണ്‍ കേരളത്തില്‍ സ്ഥാപിക്കും. എറണാകുളം ജംഗ്ഷന്, തിരുവനന്തപുരം സെന്‍ട്രല്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിലാണ് സംവിധാനം ആദ്യഘട്ടത്തില്‍ യാഥാര്‍ഥ്യമാകുന്നത്.
ഡിജിറ്റല്‍ ടിക്കറ്റിംഗിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി പ്രയോജനപ്പെടുത്താനും നിത്യേനയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും ലക്ഷ്യമിട്ടാണു പദ്ധതി. എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ കരാര്‍.
ഓണത്തിനുമുമ്പായി സെല്‍ഫ് ടിക്കറ്റിംഗ് സോണുകള്‍ പൂര്‍ണസജ്ജമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. നിലവില്‍ റെയില്‍വേ സ്റ്റേഷനുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ എത്തിക്കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് റെയില്‍വണ്‍ ആപ്പ് വഴി നേരിട്ടു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാങ്കേതിക തടസമുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ സ്റ്റേഷന് പരിസരത്തെ നിര്‍ദിഷ്ട ക്യുആര്‍ കോഡുകള്‍ കണ്ടെത്താന്‍ അവസാനനിമിഷം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്. പുതിയ സമര്‍പ്പിത സോണുകള്‍ വരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.